Kerala

വയനാട് ചീരാലിൽ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതം

വയനാട് ചീരാലിൽ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതം. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വനം വകുപ്പ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ഇന്നലെ മുതൽ ആർആർടി സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടെരുക്കി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. പന്ത്രണ്ട് അംഗങ്ങൾ ഉള്ള മൂന്ന് ടീമുകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചിൽ. വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലാണ് നടപടികളുടെ ഏകോപനം

കടുവയുടെ നീക്കം കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തത് ആണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി. മയക്കുവെടി വെച്ച് കടുവയെ പിടികൂടാൻ രണ്ട് വെറ്റിനറി ഡോക്ടർമാരുടെ സേവനവും ചീരാലിലുണ്ട്. കടുവ ആക്രമണത്തിൽ പ്രദേശത്ത് ഇതുവരെ ഏഴ് പശുക്കളാണ് കൊല്ലപ്പെട്ടത്. നാല് പശുക്കൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.