കൊച്ചിയിലെ വെള്ളക്കെട്ട് പരിഹാരത്തിന് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയമിക്കാൻ ഹൈക്കോടതി ഉത്തരവ്. വെള്ളക്കെട്ടുണ്ടായപ്പോള്‍ കൊച്ചി കോർപറേഷൻ അവസരത്തിനൊത്ത് ഉണർന്നില്ലെന്ന് കോടതി വിമർശിച്ചു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മേയറുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചു.
സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ കൺവീനർ ജില്ലാ കലക്ടറായിരിക്കും. ചീഫ് സെക്രട്ടറി /എല്‍.എസ്.ജി പ്രിൻസിപ്പൽ സെക്രട്ടറി, കൊച്ചി നഗരസഭ സെക്രട്ടറി ,കൊച്ചി മെട്രോ, സിയാല്‍, ജല വിഭവ വകുപ്പ് എന്നിവരുടെ പ്രതിനിധികൾ ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അടിയന്തിര നടപടി സ്വീകരിക്കുമെന്നും എ.ജി കോടതിയെ അറിയിച്ചു. നഗരസഭാ ഒഴിവുകഴിവുകൾ പറയുന്നത് അവർ പരാജയപ്പെട്ടു എന്നതിന്റെ ഉദാഹരണം ആണെന്നും കോടതി വിമർശിച്ചു.
ഭന്തഗോപുരത്തിലിരിക്കുന്നവർ ഇന്നലത്തെ പരാമർശത്തിൽ കോടതിയെ വിമർശിച്ചേക്കം, പക്ഷെ സാധാരണക്കാർ അതിൽ ആശ്വാസം കൊള്ളുമെന്നായിരുന്നു കോടതിയുടെ പരാമർശം. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം ഇല്ലാതെ ഇത്തരം സമയങ്ങളിൽ കോര്പറേഷന് ഫലപ്രദമായി ഇടപെടാൻ ആകില്ല എന്ന് നഗരസഭയും കോടതിയെ അറിയിച്ചു. വെള്ളക്കെട്ട് പ്രശ്നത്തിൽ നഗരസഭയെ ബന്ധപ്പെട്ടപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല എന്നും സർക്കാരും കോടതിയെ അറിയിച്ചു.
ജില്ലാ കലക്ടർ ഇന്ന് തന്നെ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് വ്യക്തമാക്കിയ കോടതി കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാൻ മാറ്റി. കോടതി ഇടപെടലിനെ തുടർന്ന് കൊച്ചിയിലെ വെള്ളക്കെട്ട് ചര്‍ച്ച ചെയ്യാന്‍ കൊച്ചി മേയറെ, മുഖ്യമന്ത്രി വിളിപ്പിച്ചു. മേയര്‍, കളക്ടര്‍ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും.