India Kerala National

നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; സംസ്ഥാനത്ത് വരള്‍ച്ചക്ക് സാധ്യത

2019ല്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ‍മഴ. പക്ഷേ അതെല്ലാം ഒറ്റയടിക്ക് പെയ്തൊഴിഞ്ഞത് കണക്കു കൂട്ടലുകളെ തകിടം മറിച്ചു

വേനല്‍ ശക്തമാകും മുമ്പേ സംസ്ഥാനത്തെ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. മഴ ലഭിക്കാത്തതും ചൂടു കൂടിയതുമാണ് പുഴകള്‍ വറ്റിത്തുടങ്ങാന്‍ കാരണം. ഭൂഗര്‍ഭ ജലനിരപ്പ് കൂടി കുറഞ്ഞതോടെ കുടിവെള്ള ക്ഷാമം കടുക്കുമെന്നാണ് ആശങ്ക. വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ വന്‍ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

എന്നാല്‍ സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 2017നെക്കാള്‍ കൂടുതല്‍ വെള്ളം ഉണ്ടെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. വലിയതോതിലുള്ള ആശങ്കക്ക് വകയില്ലെന്നും കൃഷ്ണന്‍കുട്ടി മീഡിയവണിനോട് പറഞ്ഞു.

2019ല്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും കൂടുതല്‍ ‍മഴ. പക്ഷേ അതെല്ലാം ഒറ്റയടിക്ക് പെയ്തൊഴിഞ്ഞത് കണക്ക് കൂട്ടലുകളെ തകിടം മറിച്ചു. ഇടവേളകളിലുണ്ടാകേണ്ട മഴ കുറഞ്ഞതാണ് നദികളിലടക്കം വെള്ളം കുറയാന്‍ കാരണം. കഴിഞ്ഞ നവംബര്‍ 25 മുതല്‍ ഇതുവരെ സംസ്ഥാനത്ത് കാര്യമായി മഴ ലഭിച്ചില്ല.

മധ്യകേരളത്തില്‍ മാത്രമാണ് അല്‍പ്പമെങ്കിലും മഴ പെയ്തത്. വടക്കന്‍ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. കണ്ണൂര്‍, കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മഴ ലഭിച്ചിട്ടേയില്ല. നദികളില്‍ വെളളം കുറഞ്ഞു തുടങ്ങിയതിനുപുറമേ ഭൂഗര്‍ഭ ജലനിരപ്പും താഴുന്നു.

ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. ജല സംഭരണികളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ചൂട് ദിനംപ്രതി വര്‍ധിക്കുന്നതും ജല ക്ഷാമത്തിന് കാരണമാകുന്നു. വേനല്‍ മഴ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രമാതീതമായി കുറയുകയാണ്. ഇതും ആശങ്കക്കിടയാക്കുന്നു. കഴിഞ്ഞ ജലവര്‍ഷം മാത്രം വേനല്‍മഴയില്‍ 55 ശതമാനമാണ് കുറവുണ്ടായത്.