India Kerala

പമ്പയിൽ ജലനിരപ്പ് ഉയരുന്നു; തീർത്ഥാടകർക്ക് ജാഗ്രത നിർദ്ദേശം

മഴ ശക്തമായതോടെ പമ്പ നദിയിയിലെ ജലനിരപ്പ് ഉയരുകയാണ്. കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞ മണലാണ് പമ്പയിലെ ജലനിരപ്പ് ഉയരാനുള്ള കാരണം. അപകട സാധ്യത കണക്കിലെടുത്ത് ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തുന്നവർക്ക് കർശന ജാഗ്രത നിർദ്ദേശമാണ് പൊലീസ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ പ്രളയത്തിൽ പമ്പ മുഴുവനായും മുങ്ങിപ്പോയിരുന്നു. പ്രളയത്തിന് ശേഷമുള്ള പമ്പയിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പമ്പയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ നദിയിലേക്ക് ഇറക്കുന്നില്ല. ജലനിരപ്പ് ഇനിയും ഉയർന്നാൽ നടപ്പന്തലിലേക്ക് ഉൾപ്പടെ വെള്ളം കയറും. നീരൊഴുക്കിനെ തുടർന്ന് മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകൾ തുറക്കേണ്ടതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് നദിയുടെ തീരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രളയത്തിൽ പമ്പയിൽ അടിഞ്ഞു കൂടിയ മണലിന്റെ പാസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും വനം വകുപ്പുമായി തർക്കം തുടരുന്നതിനാൽ മണൽ പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല.