Kerala

കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം; നടപടിയുമായി മുന്നോട്ടുപോകുമെന്ന് കോര്‍പറേഷന്‍

കോഴിക്കോട് കോതി പള്ളിക്കണ്ടിയില്‍ കല്ലായി പുഴയോരത്ത് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍. എന്നാല്‍ പ്ലാന്റിന്റെ പ്രാരംഭ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയാല്‍ തടയുമെന്ന ഉറച്ച നിലപാടിലാണ് ജനകീയ സമരസമിതി പ്രവര്‍ത്തകര്‍.

അമൃത് പദ്ധതിയില്‍ നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിനാവശ്യമായ സ്ഥലം അളന്ന് തിരിച്ച് വേലി കെട്ടി മറയ്ക്കാനാണ് ഇന്നലെ ഉദ്യോഗസ്ഥരെത്തിയത്. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടു നിന്ന ജനകീയ പ്രതിഷേധത്തെ മറികടന്ന് പൊലീസ് സുരക്ഷയില്‍ ആദ്യദിനത്തിലെ ജോലികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി. പതിനൊന്ന് സ്ത്രീകള്‍ ഉള്‍പ്പടെ 45 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

പ്രാരംഭ നടപടികള്‍ നടത്താന്‍ ഹൈക്കോടതി അനുമതി ഉള്ളതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കോര്‍പറേഷന്‍ അധികൃതരുടെ തീരുമാനം. വേലി കെട്ടാനായി ഇന്നലെ സ്ഥാപിച്ച ഇരുമ്പ് കമ്പികള്‍ നിലത്ത് ഉറച്ച് കഴിഞ്ഞാല്‍ തുടര്‍ ജോലികള്‍ ആരംഭിക്കും. എന്നാല്‍ ജനവാസ മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്
എന്ത് വില കൊടുത്തും തടയുമെന്ന് സമരക്കാരും പറയുന്നു. സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.