മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചി നഗരം പകര്‍ച്ച വ്യാധിരോഗ ഭീഷണിയില്‍. നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രമാണ് തൊഴിലാളികള്‍ ശേഖരിക്കുന്നത്. അനധികൃതമായി മാലിന്യം തള്ളുന്ന കോര്‍പറേഷന് സ്റ്റോപ് മെമ്മോ നല്കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ നിലപാട്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആലോചനാ യോഗം തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് കൊച്ചിന്‍ കോര്‍പ്പറേഷനെതിരെ വടവുകോട് പഞ്ചായത്ത് നിലപാട് കടുപ്പിച്ചിരിക്കുന്നത്. പ്ലാന്റിലുണ്ടായ തീപിടുത്തം കോർപറേഷന്റെ സൃഷ്ടിയാണെന്നും ഇത് വരാനിരിക്കുന്ന ഹരിത ട്രിബ്യൂണൽ വിധി അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പഞ്ചായത്തിന്റെ ആരോപണം. നിര്‍ത്തിവച്ചു എന്ന് പറയുമ്പോഴും മേയറുടെ നേതൃത്വത്തില്‍ പ്ലാന്റില്‍ മാലിന്യ നിക്ഷേപം നടക്കുന്നുണ്ടന്നും ഇത് അവസാനിപ്പിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നല്കുമെന്നും ജനകീയ സമരം നടത്തി പ്രതിരോധിക്കുമെന്നുമാണ് പഞ്ചായത്ത് വ്യക്തമാക്കിയിരിക്കുന്നത്.
ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ നഗരത്തിലെ ജൈവ മാലിന്യങ്ങള്‍ മാത്രം ശേഖരിക്കാനാണ് കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദിവസങ്ങളായി മാലിന്യ സംസ്കരണം നിലച്ചതോടെ സാംക്രമിക-പകര്‍ച്ച വ്യാധിരോഗ ഭീഷണി നേരിടുകയാണ് കൊച്ചി നിവാസികള്‍. അപകട സാഹചര്യം മുന്നിലുണ്ടായിട്ടും അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ തയ്യാറാകുന്നില്ലെന്നാണ് നഗരവാസികളുടെ ആരോപണം.