ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങി.തീപിടുത്തത്തിനിരയായ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് തന്നെയാണ് ഇന്നലെയും മാലിന്യം എത്തിച്ചത്. കൊച്ചി നഗരത്തിൽ നിന്നുള്ള മാലിന്യവുമായി അമ്പതോളം ലോറികൾ ഇന്നലെ രാത്രി പ്ലാന്റിൽ എത്തി. നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും പൊലീസ് എത്തി ലോറികൾ കടത്തിവിട്ടു. പ്ലാന്റിൽ തീപിടിക്കാത്ത ഇടത്താണ് ലോറികളിലെ മാലിന്യം തള്ളിയത്.
ഇതിനിടെ, കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിൽ നിന്നുയരുന്ന പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ മെയ് 31 വരെ കൊച്ചിയിൽ പ്രത്യേക കർമപരിപാടി നടത്തുമെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു വരില്ലെന്ന് മേയർ എം. അനിൽകുമാർ വ്യക്തമാക്കി. അജൈവ മാലിന്യം വാതിൽപ്പടി ശേഖരണം നടത്തി സംസ്കരിക്കാനാണ് തീരുമാനം.