Kerala

സുരേന്ദ്രന് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്; മോദിയെയും അമിത് ഷായെയും കാണാനാകാതെ മടങ്ങി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ദേശീയ നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയ സുരേന്ദ്രൻ മടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാതെ. അധ്യക്ഷ സ്ഥാനത്ത് നിന്നും ഉടൻ മാറ്റില്ലെങ്കിലും പകരക്കാരനെ വൈകാതെ കണ്ടെത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നതായാണ് സൂചന.

ഒന്നിന് പിറകെ ഒന്നായി സംസ്ഥാനത്തെ ബിജെപി ഘടകത്തിന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ദേശീയ നേതൃത്വം സംഘടനാ രംഗത്ത് പുനരാലോചനക്ക് മുതിരുന്നത്. ബിജെപി കൊടകര കള്ളപ്പണക്കേസും സി കെ ജാനുവിനെ പത്ത് ലക്ഷം രൂപ കള്ളപ്പണം നൽകിയെന്ന ആരോപണവും മഞ്ചേശ്വരത്ത് പണം ബിഎസ്പി സ്ഥാനാ൪ഥിത്വം പിൻവലിപ്പിച്ച കേസും ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതിൽ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്.

അഞ്ച് ദിവസം ഡൽഹിയിൽ തങ്ങിയ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായും മാത്രമാണ് കൂടിക്കാഴ്ച നടത്തിയത്. ഈ യോഗങ്ങളിൽ സുരേന്ദ്രന് കടുത്ത മുന്നറിയിപ്പ് ദേശീയ നേതൃത്വം നൽകിയതായും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ചക്ക് അവസരം ലഭിക്കാതെയാണ് സുരേന്ദ്രൻ നാട്ടിലേക്ക് മടങ്ങിയത്.

സുരേന്ദ്രനെ മാറ്റിനി൪ത്തി കഴിഞ്ഞ ദിവസം ഓൺലൈനിൽ സംസ്ഥാന ഭാരവാഹികളുടെ യോഗവും ദേശീയ നേതൃത്വം വിളിച്ചതായാണ് വിവരം. ഉടനെ നേതൃ സ്ഥാനത്ത് നിന്ന് മാറ്റില്ലെങ്കിലും വൈകാതെ പുതിയ നേതൃത്വത്തെ കൊണ്ടുവരാൻ ആലോചിക്കുന്നതായാണ് പാ൪ട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉടനെ മാറ്റുന്നത് ആരോപണങ്ങൾ ശരിവെക്കുന്നുവെന്ന സന്ദേശം നൽകുമെന്നതാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.