കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനം. പൊതുജനങ്ങളുടെ ഭയാശങ്കയും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം. ഗവർണർ ഒപ്പിടാൻ വിസമ്മതിച്ച വാർഡ് വിഭജന ഓർഡിനൻസിന് പകരമുള്ള കരട്ബില്ലിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സെന്‍സസുമായി സര്‍ക്കാര്‍ സഹകരിക്കും. എന്നാല്‍ വ്യക്തികളുടെ ജനന തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങൾ എന്നിവ പൌരത്വ രജിസ്റ്ററിന് ഉപയോഗിക്കാൻ സാധ്യതയുള്ളത് കൊണ്ട് ഇവ രണ്ടും നൽകേണ്ടതില്ലെന്നും തീരുമാനിച്ചു.
10 വർഷത്തിൽ ഒരിക്കൽ നടക്കുന്ന സെൻസസിന്റെ അടിസ്ഥാനത്തിൽ ഒരു തവണ മാത്രമേ വാർഡ് വിഭജനം പാടുള്ളൂവെന്ന കാരണം പറഞ്ഞ് ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി.
30 തീയതി ആരംഭിക്കുന്ന നിയമസഭ സമ്മേളത്തിന്റെ ആദ്യ ആഴ്ച ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.