Kerala

വാളയാറില്‍ സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ച സംഭവം; സിഐയ്ക്കും ഡ്രൈവർക്കുമെതിരെ കേസ്

വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാളയാര്‍ സിഐക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഹൃദയസ്വാമിയുടേയും ജോണ്‍ ആല്‍ബര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടി. സംഭവം നടന്ന് നാലാം ദിവസമാണ് കേസെടുക്കുന്നത്‌.

അതേസമയം വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി വി കെ ശ്രീകണ്ഠന്‍ എം പി രംഗത്തെത്തി. ജില്ലയില്‍ പൊലീസ് കാണിക്കുന്ന അക്രമങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുണ്ട് എന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഗുണ്ടായിസവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു വിഭാഗം പൊലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

ജില്ലയില്‍ പൊലീസിന് നാഥനില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും വി കെ ശ്രീകണ്ഠന്‍ വിമര്‍ശിച്ചു. എസ് പിക്ക് ഇവിടെ എന്താണ് പണിയെന്ന് അറിയില്ല. വാളയാര്‍ പൊലീസ് സ്റ്റേഷന്‍ കേരളത്തിലെ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് പോലെയാണ്. ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ വാളയാറില്‍ നിര്‍ത്താറില്ല. ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് വന്ന് മര്‍ദനമേറ്റവരുടെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.