Kerala

വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍

വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്.

വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ മാധവനാണ് നിലവിൽ നിരാഹാരമിരിക്കുന്നത്. ഇവരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നു. തെരത്തെടുപ്പ് തിയ്യതി പ്രഖ്യാപിച്ച പിറ്റേ ദിവസം കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് സർക്കാറിനെതിരെ പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അമ്മയുടെ തല മുണ്ഡന പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ച്ചയായി എല്ലാ ദിവസവും സമര പന്തലിൽ വിവിധയാളുകൾ തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നുണ്ട്. കേസ് അന്വേഷിച്ച എസ്.ഐ ചാക്കോ, ഡി.വൈ.എസ്.പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് സമരക്കാരുടെ ആവശ്യം. പെൺകുട്ടിയുടെ അമ്മ തല മുണ്ഡനം ചെയ്ത് സർക്കാറിനെതിരെ പ്രചാരണത്തിനിറങ്ങിയാൽ അത് എൽ.ഡി.എഫിന് വലിയ ക്ഷീണം ഉണ്ടാക്കും.