വടക്കഞ്ചേരി വാഹനാപകട വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും, പി.ജി. അജിത്കുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നിയമവിരുദ്ധ ലൈറ്റുകളും, ശബ്ദ സംവിധാനങ്ങളും ഉള്ള വാഹനങ്ങൾക്കെതിരെ അടക്കം സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികൾ കോടതി പരിശോധിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ നിരത്തുകളിൽ പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞതവണ കർശന നിർദേശം നൽകിയിരുന്നു. ഇത്തരം വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്നും, ഡ്രൈവറുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. (wadakkanchery accident high court)
അതേസമയം, വടക്കഞ്ചേരി ബസപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. മുഖ്യമന്ത്രി വിദേശത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേർന്നത്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് സർക്കാർ സഹായം നൽകാൻ മന്ത്രിസഭാ യോഗത്തിലും തീരുമാനം.
വടക്കഞ്ചേരി വാഹനാപകടത്തിൽ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾക്കു വേഗപ്പൂട്ടു കർശനമാക്കണമെന്നും കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായ സാഹചര്യം അതീവ ഗുരുതരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
5-ാം തീയതി വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. 9 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.