Kerala

ഡിപിആർ പേജിന് രണ്ടേ കാൽ ലക്ഷം; സാഹിത്യത്തെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്ന് വി.ടി ബൽറാം

യാതൊരു സാങ്കേതികാടിത്തറയും ഇല്ലാതെ ഊഹക്കണക്കും ഗൂഗിൾമാപ്പും ഉപയോഗിച്ച് വീട്ടിൽ വച്ച് തയ്യാറാക്കിയ ഭാവനാ സൃഷ്ടിയായ കെ റെയിൽ ഡിപിആറിലെ പേജിന് രണ്ടേ കാൽ ലക്ഷം വെച്ച് 22 കോടി രൂപ നൽകുന്നുണ്ടെന്നും സാഹിത്യത്തെ എൽഡിഎഫ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആരും പറയരുതെന്നും മുൻ എംഎൽഎ വി.ടി ബൽറാം. ഡിപിആർ തയാറാക്കാൻ പാരീസ് ആസ്ഥാനമായ കൺസൾട്ടൻസി സ്ഥാപനമായ സിസ്ട്രക്ക് സംസ്ഥാന സർക്കാർ 22 കോടി നൽകിയത് സൂചിപ്പിച്ചാണ് വി.ടി ബൽറാമിന്റെ പരിഹാസം. അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ ലഭ്യമാക്കിയ ഡിപിആർ അപൂർണമെന്ന് ചൂണ്ടിക്കാട്ടി അൻവർ സാദത്ത് എംഎൽഎ സ്പീക്കർക്ക് കത്ത് നൽകി. അപൂർണമായ സാഹചര്യം കൂടി വെളിപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നിയമസഭാ ചോദ്യത്തിൻറെ ഭാഗമായി ലഭിച്ച രേഖയിൽ നിർണായക വിവരങ്ങളില്ല. 415 കിലോമീറ്റർ പാതയുടെ അലൈൻമെൻറില്ല. പ്രധാന സ്റ്റേഷനുകളുടെ വിവരങ്ങളില്ല. സാമ്പത്തിക, സാങ്കേതിക റിപ്പോർട്ടുകളും ലഭ്യമാക്കിയിട്ടില്ലെന്ന് അൻവർ സാദത്ത് പരാതിയിൽ ചൂണ്ടിക്കാട്ടി. നേരത്തെ കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്നാരോപിച്ച് അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകിയിരുന്നു. കെ റെയിൽ ഡിപിആറിൻറെ പകർപ്പ് സഭയിൽ നൽകി എന്ന് പറഞ്ഞെങ്കിലും നൽകിയില്ലെന്ന് കാണിച്ചാണ് അവകാശ ലംഘന നോട്ടീസ് നൽകിയത്.