India Kerala

ശബരിമലയില്‍ പാര്‍ട്ടിയുടെ നിലപാടല്ല തന്റേതെന്ന് വി.ഡി സതീശന്‍

ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എം.എല്‍.എ. ബി.ജെ.പി നടത്തുന്നതുപോലെ നാമജപ ഘോഷയാത്ര നടത്തേണ്ട പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സ്ത്രീ സമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിനറെ അടിസ്ഥാന തത്ത്വവും അതാണ്. ഇത്തരം വിഷയങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം മലയാളി സമൂഹത്തിന്റെ ഇടയിലുള്ള സ്ത്രീവിരുദ്ധതയാണ് എന്നാണ് കരുതുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമല വിഷയം കോടതിയില്‍ വന്നപ്പോള്‍ നിലവിലെ ആചാരങ്ങള്‍ മാറ്റേണ്ട എന്നാണ് സത്യവാങ്മൂലം നല്‍കിയത്. പക്ഷേ, ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ചയുണ്ടായി. വിഷയം വര്‍ഗീയവത്കരിക്കുക എന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടക്ക് വെള്ളവും വളവും പകര്‍ന്നുകൊടുക്കുകയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ നടപടികളുടെയെല്ലാം നേട്ടം കിട്ടിയത് ബി.ജെ.പിക്കാണ്. കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് കോടതിവിധി മറികടക്കാം. എന്നാല്‍, ഈ വിഷയത്തിലൂടെ ബി.ജെ.പി കുറച്ച് വളരുകയാണെങ്കില്‍ വളര്‍ന്നോട്ടെ എന്ന രഹസ്യ അജണ്ടയാണ് പിണറായി വിജയനും സി.പി.എമ്മിനും ഉണ്ടായിരുന്നത്. അതുവഴി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ ചോര്‍ച്ച ഉണ്ടായിക്കോട്ടെ എന്നും അവര്‍ കണക്കുകൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

താല്‍ക്കാലിക ലാഭത്തിന് വേണ്ടിയുള്ള ഇത്തരം അജണ്ടകളാണ് കേരളത്തില്‍ വര്‍ഗീയ ശക്തികളെ വളര്‍ത്തുന്നത്. മതേതര കാഴ്ചപ്പാടോടെയാണ് ഇതിനെ നേരിടേണ്ടത്. രാഷ്ട്രീയ പ്രചാരണ ജാഥയായിരുന്നു നടത്തേണ്ടത് എന്നാണ് ഇപ്പോഴും എന്റെ അഭിപ്രായം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കാപട്യം തുറന്നുകാട്ടേണ്ടത് കോണ്‍ഗ്രസാണ്. പ്രളയകാലത്ത് ഒന്നിച്ചുനിന്നവരാണ് മലയാളികള്‍. അത് ഏറെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. പക്ഷേ, ശബരിമലയെ ചെല്ലി അവര്‍ ഇരുധ്രുവങ്ങളിലായി. സംഘ്പരിവാര്‍ ശക്തികള്‍ക്കും സര്‍ക്കാരിനും ഇതില്‍ തുല്യ പങ്കാണുള്ളത്. രഹസ്യ അജണ്ട വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും സതീശന്‍ പറഞ്ഞു.