Kerala

കെആർ ഗൗരിയമ്മ അന്തരിച്ചു

ജെഎസ്എസ് നേതാവും മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. രോഗബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. രാവിലെ ഏഴുമണിക്ക് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് നേരത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു. 1919 ജൂലൈ 14ന് ചേർത്തല അന്ധകാരനഴിയിൽ കെഎ രാമൻ, പാർവ്വതിയമ്മ ദമ്പതികളുടെ മകളായാണ് ജനനം. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിഎ ബിരുദവും എറണാകുളം ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി.

1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ചു. ഐക്യകേരളത്തിന്റെ പിറവിക്കുശേഷം അധികാരത്തിൽവന്ന 1957ലെ പ്രഥമ കേരളനിയമസഭയിൽ അംഗമായി. 1957ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടിവി തോമസും ഗൗരിയമ്മയും വിവാഹിതരായി.

എന്നാൽ 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സിപിഐയിലും ഗൗരിയമ്മ സിപിഎമ്മിലും ചേരുകയായിരുന്നു. കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എകെ ആന്റണിയും ഉമ്മൻചാണ്ടിയും നയിച്ച ഐക്യജനാധിപത്യ മുന്നണി മന്ത്രിസഭകളിലും റവന്യൂ, വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.