കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ചത് വരെയുള്ള സംഭവങ്ങളില്‍ പാര്‍ട്ടി ക്ഷമിച്ചെന്നാണ് പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പറഞ്ഞതെന്നും മുസ്തഫ. സി.പി.എം ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നടത്തുന്നത്. കൊല്ലാന്‍ ഉദ്ദേശിച്ചാണ് പീതാംബരന്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും വി.പി.പി മുസ്തഫ മീഡിയാവണിനോട് പറഞ്ഞു.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം നേരത്തെ പുറത്തുവന്നിരുന്നു. പീതാംബരനെ ആക്രമിച്ചവര്‍ക്ക് തിരിച്ചടി നല്‍കുമെന്ന ഭീഷണിയാണ് പ്രസംഗത്തിലുള്ളത്. സി.പി.എം കുതിച്ചുയരുമ്പോള്‍ മുന്നിലുള്ള ആരും ബാക്കിയുണ്ടാകില്ല. പെറുക്കിയെടുത്ത് ചിതയില്‍ വെക്കാന്‍ പോലും ആരുമുണ്ടാകില്ലെന്നും പ്രസംഗത്തിലുണ്ട്. ജനുവരി ഏഴിന് കല്ല്യോട്ട് നടന്ന പൊതുയോഗത്തിലായിരുന്നു മുസ്തഫയുടെ പ്രസംഗം.
അതിനിടെ വി.പി.പി മുസ്തഫയുടെ കൊലവിളി പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നില്‍ ആണ് എസ്.പിക്ക് പരാതി നല്‍കിയത്.