Kerala

വോട്ടിങ് മെഷീനില്‍ തകരാര്‍; ചിലയിടങ്ങളില്‍ പോളിങ് തടസ്സപ്പെട്ടു

ആലപ്പുഴയില്‍ നാല് ബൂത്തുകളില്‍ വോട്ടിങ് മെഷീനില്‍ തകരാര്‍. സീ വ്യൂ വാർഡിലെ രണ്ടു ബൂത്തുകളിലും പാണ്ടനാട് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബൂത്തിലും പള്ളിപ്പാട് പഞ്ചായത്തിലെ ഒരു ബൂത്തിലുമാണ് പോളിങ് തടസപ്പെട്ടത്. എത്രയും പെട്ടെന്ന് വോട്ടിങ് മെഷീനിലെ തകരാര്‍ പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് പേട്ട ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ററി സ്കൂളിലെ മൂന്ന് പോളിങ് മെഷീനുകള്‍ തകരാറിലായി. ബാക്കി എല്ലായിടത്തും പോളിങ് പുരോഗമിക്കുകയാണ്. രാവിലെ തന്നെ ബൂത്തുകളില്‍ നല്ല തിരക്കുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 88,26,620 വോട്ടർമാർ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.