ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ലക്ഷദ്വീപും ഇന്ന് ബൂത്തിലേക്ക്. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ലക്ഷദ്വീപില്‍ 55,057 വോട്ടര്‍മാരാണുള്ളത്. കോണ്‍ഗ്രസും എന്‍.സി.പിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.
വാശിയേറിയ പ്രചരണത്തിനൊടുവിലാണ് ഇന്ന് ദ്വീപു നിവാസികള്‍ പോളിംഗ് ബൂത്തിലേക്കെത്തുന്നത്. ജനവാസാ മേഖലയായ പത്ത് ദ്വീപുകളിലും കൂടി 55,057 വോട്ടര്‍മാര്‍ മാത്രമാണ് ഈ ലോകസഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ആന്ത്രേത്ത് ദ്വീപില്‍ 10212 വോട്ടര്‍മാരുണ്ട്. ചെറിയ ദ്വീപായ ബിത്രയില്‍ 255 വോട്ടര്‍മാര്‍ മാത്രമാണുള്ളത്.
51 പോളിംഗ് സ്റ്റേഷനുകളാണ് ദീപില്‍ ക്രമീകരിച്ചിട്ടുള്ളത്. കുറഞ്ഞ സമയം മാത്രമാണ് പ്രചരണത്തിന് കിട്ടിയിരുന്നതെങ്കിലും ആവേശത്തിലായിരുന്നു ദ്വീപ് നിവാസികള്‍. ഗ്രഹസന്ദര്‍ശനവും പ്രചരണ സമ്മേളനങ്ങളും കൊണ്ട് ദ്വീപില്‍ ഉത്സവ പ്രതീതി തന്നെയായിരുന്നു. സിറ്റിംഗ് എം.പിയായ എന്‍.സി.പിയുടെ മുഹമ്മദ് ഫൈസലും കോണ്‍ഗ്രസിന്‍റെ മുന്‍ എം.പി ഹംദുള്ള സെയ്തുമുള്‍പ്പെടെ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. കഴിഞ്ഞ തവണ 1535 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് എം.പി വിജയിച്ചത്. വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഇവര്‍ വോട്ട് തേടിയപ്പോള്‍ വികസനത്തിന്‍റെ പോരായ്മകളാണ് എതിരാളികള്‍ മുന്നോട്ട് വെച്ചിരുന്നത്.