Kerala

സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംഭവം മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണോ എന്ന് അന്വേഷിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ തിരക്കഥയുണ്ടാക്കുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുരളീധരന്‍. ജയില്‍ വകുപ്പുകളുടെ നിയന്ത്രണം ആഭ്യന്തര വകുപ്പിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ ആര്‍ക്കാണ് ലാഭം എന്ന് നോക്കിയാല്‍ മതി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കിയാണ് കേസ് എന്ന സിപിഐമ്മിന്റെ പ്രചാരണം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശബ്ദരേഖയെന്നും മുരളീധരന്‍.

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. കേസ് അന്വേഷിക്കാന്‍ ഏജന്‍സികളെ ക്ഷണിച്ചത് മുഖ്യമന്ത്രി തന്നെയാണ്. ചില കാര്യങ്ങള്‍ മനസിലാക്കിയിട്ടാണല്ലോ അവര്‍ അന്വേഷിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത് എന്തുകൊണ്ടെന്ന് ഊഹിക്കാമല്ലോയെന്നും വി മുരളീധരന്‍.

അതേസമയം സംഭവം അതീവ ഗൗരവതരമെന്ന പ്രതികരണവുമായി സിപിഐഎം രംഗത്തെത്തി. മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരപയോഗപ്പെടുത്തുകയാണ്. പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഇത് നിയമസംവിധാനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുന്നതിനൊപ്പം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനും കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നു. ബിജെപി- യുഡിഎഫ് കൂട്ടുകെട്ടിന്റെ ഉപകരണമായി അന്വേഷണ ഏജന്‍സികള്‍ അധഃപതിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.