പ്രമുഖ ബിസിനസ് സംരംഭകനും പരിസ്ഥിതി പ്രവര്‍ത്തകനും നിരവധി ട്രസ്റ്റുകളിലെ അംഗവുമായ വി.എന്‍.കെ അഹമ്മദ് (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. യു.എ.ഇയിലെ അൽമദീന സൂപ്പർ മാർക്കറ്റ്, പ്രമുഖ ഭക്ഷ്യോൽപാദന കമ്പനിയായ പാണ്ട ഫുഡ്സ്, ജൂബിലി റസ്റ്റോറന്‍റ്, ഹോട്ടൽ ഗ്രെയ്റ്റ് ജൂബിലി സുൽത്താൻ ബത്തേരി എന്നിവയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു.
ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തന രംഗത്തും വി.എന്‍.കെ അഹമ്മദ് സജീവമായിരുന്നു. റോഡരികിൽ നിരവധി മരങ്ങൾ നട്ടുപിടിപ്പിച്ച വി.എൻ.കെ, വനവൽക്കരണ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയുണ്ടായി.
ആരായിരുന്നു വി.എന്‍.കെ അഹമ്മദ്?
വി.എൻ.കെ എന്ന മൂന്നക്ഷരമാണ് ഈ മനുഷ്യന്‍റെ പേരും വിലാസവും. നിരവധി സൂപ്പർമാർക്കറ്റുകളുടെയും ബിസിനസ് സംരംഭങ്ങളുടെയും ഉടമ എന്നതിനേക്കാൾ കറകളഞ്ഞ പരിസ്ഥിതിസ്നേഹി എന്നാണ് അദ്ദേഹത്തെ അറിയുന്നവർ ആ മൂന്നക്ഷരങ്ങളിൽ നിന്ന് വായിച്ചെടുക്കുക. മൂന്നര പതിറ്റാണ്ടുമുമ്പ് തുടങ്ങിയ മരം വെച്ചുപിടിപ്പിക്കൽ ദൗത്യം വാർധക്യത്തിന്‍റെ അവശതയിലും ആവേശം കെടാതെ അദ്ദേഹം തുടര്‍ന്നു.
1928ലാണ് വി.എൻ.കെ ജനിച്ചത്. ബാപ്പ നാരോളി അബ്ദുല്ലയെ കണ്ട ഓർമയില്ല. ബാപ്പക്ക് നാട്ടിലും ബർമയിലും കച്ചവടമുണ്ടായിരുന്നു. രണ്ട് മക്കളിൽ ഏക മകനായിരുന്നു അഹമ്മദ്. നരിക്കുട്ടികൾ എന്ന പേരിലാണ് കുടുംബം അറിയപ്പെട്ടത്. അതിന് പിന്നിലൊരു കഥയുണ്ട്. ബ്രിട്ടീഷുകാർ വന്ന കാലത്ത് അവർ നാട്ടുപ്രമാണിമാരുടെ യോഗം വിളിച്ചു. വി.എൻ.കെയുടെ വല്യുപ്പയുടെ ബാപ്പ നരിയെ തൂക്കിപ്പിടിച്ചാണ് ബ്രിട്ടീഷുകാരെ കാണാൻ പോയത്. അങ്ങനെ സായിപ്പന്മാരാണ് നരിക്കുട്ടികൾ എന്ന പേര് വിളിച്ചത്.
കുഞ്ഞി അഹമ്മദ് ഫിഫ്ത്ത് ഫോറം വരെ പഠിച്ചു. മാഹിക്കടുത്ത് കടവത്തൂരിലെ വീട്ടിൽ നിന്ന് മയ്യൽവിയ മദ്റസ ഹൈസ്കൂളിലേക്ക് എട്ട് കി.മീ. നടക്കണം. നാട്ടിൽ പറമ്പും സ്വത്തുമൊക്കെ ഉണ്ടെങ്കിലും ബിസിനസ് ചെയ്യാൻ പുറംനാടുകളിൽ പോകണം എന്നതായിരുന്നു അന്നത്തെ രീതി. ബർമയിലും സിലോണിലും മദ്രാസിലും ബോംബെയിലുമെല്ലാം പോയി മലയാളികൾ കച്ചവടം ചെയ്തിരുന്നു.
1971ൽ 43ആം വയസ്സിലാണ് വി.എൻ.കെ ദുബൈയിലെത്തുന്നത്. അതിനുമുമ്പ് രണ്ട് പതിറ്റാണ്ടിലേറെ പാകിസ്താനിലായിരുന്നു. കറാച്ചിയിലും കിഴക്കൻ പാകിസ്താനിലെ ചിറ്റഗോങ്ങിലുമായി തേയില കച്ചവടമായിരുന്നു. പേരും പെരുമയുമായി പാകിസ്താനിൽ ബിസിനസ് പൊടിപൊടിക്കുമ്പോഴാണ് പിറന്ന മണ്ണിലേക്ക് തിരിച്ചുപോകാൻ കലശലായ ആഗ്രഹം ജനിക്കുന്നത്. കറാച്ചിയിൽ നിന്ന് മക്കയിൽ ഉംറക്കു പോയി വരുന്ന വഴിയിലാണ് ദുബൈയിൽ ഇറങ്ങുന്നതും കച്ചവട സാമ്രാജ്യത്തിന് തുടക്കമിടുന്നതും. 22 വർഷം കറാച്ചിയിൽ താൻ നടത്തിയ മലബാർ ടീ കമ്പനി പാർട്ണർമാർക്ക് ഏൽപിച്ചുകൊടുത്തു. പാക് പൗരനായിട്ടാണ് ദുബൈയിൽ വന്നിറങ്ങുന്നത്. 73ലാണ് ഇന്ത്യൻ പൗരത്വം കിട്ടിയത്.
ദുബൈ ദേരയിൽ ഒരു പൊന്നാനിക്കാരൻ നടത്തിയിരുന്ന ചെറിയ സൂപ്പർമാർക്കറ്റ് വാങ്ങി വിപുലീകരിക്കുകയായിരുന്നു. അൽ മദീന സൂപ്പർ മാർക്കറ്റ് എന്നു പേരുമിട്ടു. വി.എൻ.കെ നട്ട ഏതൊരു ഫലവൃക്ഷവും പോലെ അൽമദീന സൂപ്പർമാർക്കറ്റും വളരെ പെട്ടെന്ന് പടർന്നുകയറി. അന്ന് ലക്ഷത്തിലേറെ ദിർഹം മുതലിറക്കിയാണ് സൂപ്പർ മാർക്കറ്റ് തുടങ്ങിയതെന്ന് വി.എൻ.കെ പറയുന്നു. ദുബൈ വളരെ ചെറിയ നഗരമായിരുന്നു. അന്നത്തെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റായിരുന്നു അൽ മദീന. ഇന്നത്തെ വമ്പന്മാരൊന്നും അന്ന് രംഗെത്തത്തിയിട്ടില്ല.
പഴയ ദേര ഫിഷ് മാർക്കറ്റിന് സമീപമായിരുന്നു കട. ഉരു കരയടുക്കുന്ന സ്ഥലം കൂടിയായിരുന്നു. അന്നത്തെ ദുബൈ മലയാളികൾ ചെറിയ ബിസിനസുകളും കടകളും നടത്തുന്നവരുമായിരുന്നു. ജനങ്ങളുമായി നല്ല ബന്ധമുണ്ടാക്കാൻ വി.എൻ.കെക്കും അൽ മദീനക്കുമായി. വളരെ പെട്ടെന്ന് എല്ലാ നാട്ടുകാരുടെയും പ്രിയപ്പെട്ട കടയായി. വിളിച്ചുപറഞ്ഞാൽ വീടുകളിൽ സാധനമെത്തിക്കുന്ന ഹോം ഡെലിവറി സംവിധാനം ആദ്യമായി നടപ്പാക്കിയതും അൽ മദീനയായിരുന്നു. പിന്നീട് മക്കളും കുടുംബക്കാരുമെല്ലാം വന്നു. അതിനനുസരിച്ച് പുതിയ സൂപ്പർമാർക്കറ്റുകൾ വിവിധ എമിറേറ്റുകളിൽ തുറന്നു. വി.എൻ.കെയുടെ കൂടെ ജോലി ചെയ്തവരും ബന്ധുക്കളുമെല്ലാം അൽമദീന എന്ന പേരിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ നടത്തുന്നു. മലയാളികൾ മാത്രമല്ല, മറുനാട്ടുകാരും പാകിസ്താനികളും വരെ ഇതേപേരിൽ സൂപ്പർമാർക്കറ്റുകൾ നടത്തുന്നു. അതിൽ വി.എൻ.കെക്കോ ഇപ്പോൾ ബിസിനസിന് മേൽനോട്ടം വഹിക്കുന്ന മക്കൾക്കോ ഒരു പരിഭവവുമില്ല.
ബിസിനസ് കൂടാതെ മറ്റൊന്നുകൂടി വി.എൻ.കെയുടെ രക്തത്തിലലിഞ്ഞിട്ടുണ്ട്. അത് പ്രകൃതിയോടുള്ള മുഹബ്ബത്താണ്. ബിസിനസിൽ നിന്നുണ്ടാക്കിയ വരുമാനം അക്ഷരാർഥത്തിൽ സമൂഹത്തിന് തണലൊരുക്കാനാണ് വി.എൻ.കെ വിനിയോഗിച്ചത്. കരിപ്പൂർ വിമാനത്താവളം മുതൽ മാഹി വരെ 90ഓളം കി.മീറ്ററിൽ റോഡിനിരുവശവും വൃക്ഷത്തൈ നട്ടത് വി.എൻ.കെയായിരുന്നു. കണ്ണൂരിൽ പഴശ്ശി കനാൽ സഞ്ചരിക്കുന്ന വഴികളിൽ ഹാജി അന്ന് നട്ട തൈകളാണ് ആരും അദ്ഭുതപ്പെടും വിധത്തിൽ ഇന്ന് വടവൃക്ഷങ്ങളായി തണൽ വിരിച്ചു നിൽക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലായി പുറേമ്പാക്കിലും പാതയോരങ്ങളിലും ശ്മശാനങ്ങളിലുമെല്ലാം ഈ കുറിയ മനുഷ്യന്‍റെ വലിയ മനസ്സിന്‍റെ പച്ചപ്പ് കാണാം. സ്വന്തം കാശ് മുടക്കി തൊഴിലാളികളെ വെച്ചായിരുന്നു അത്. കൂടെ മക്കളുമുണ്ടാകും. തൈകൾ വില കൊടുത്തു വാങ്ങി. ഭ്രാന്തനെന്ന വിളി അക്കാലത്ത് ഒരുപാട് കേട്ടിട്ടുണ്ടെന്ന് ഹാജ്യാർ. ജൂൺ, ജൂലൈ മാസങ്ങളിലാണ് തൈ നട്ടിരുന്നത്. മഴയായതിനാൽ താനേ വളർന്നുകൊള്ളും. തുടർ പരിചരണം ആവശ്യമില്ല.
സർക്കാർ സാമൂഹിക വനവത്കരണം തുടങ്ങിയ 1980കളുടെ തുടക്കത്തിലാണ് വി.എൻ.കെ ഈ രംഗത്ത് സജീവമാകുന്നത്. വനം വകുപ്പിൽ സുഹൃത്തുക്കളായ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവരുമായുള്ള ബന്ധമാണ് മരം വെച്ചുപിടിപ്പിക്കുന്നതിലേക്ക് നയിച്ചത്. വനംവകുപ്പ് മരം വെച്ചുപിടിപ്പിക്കുമ്പോൾ വി.എൻ.കെയും സ്വന്തം നിലക്ക് ആ ശ്രമം തുടർന്നു. ആസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത അക്കേഷ്യയും യൂക്കാലിപ്റ്റസുമായിരുന്നു അന്ന് സർക്കാർ കൂടുതലും നട്ടത്. വി.എൻ.കെ അന്നേ അതിനെ ശക്തമായി എതിർത്തു. നമ്മുടെ മണ്ണിനും പരിസ്ഥിതിക്കും യോജിക്കാത്ത വൃക്ഷങ്ങളാണ് ഇവയെന്ന അദ്ദേഹത്തിന്‍റെ വാദം പിന്നീട് അംഗീകരിക്കപ്പെട്ടു. നമ്മുടെ നാടിന് പറ്റാത്ത മരങ്ങൾ ഇറക്കിയതിന് പിന്നിൽ വലിയ അഴിമതി തന്നെയുണ്ടായിരുന്നെന്ന് വി.എൻ.കെ പറയുകയുണ്ടായി.
വനംവകുപ്പിന്‍റെ സാമൂഹിക വനവത്കരണത്തേക്കാൾ ഗൗരവത്തോടെയാണ് വി.എൻ.കെ ഈ പണിയെടുപ്പിച്ചത്. പള്ളിപ്പറമ്പുകളിലും കോളജ് കാമ്പസുകളിലും സർക്കാർ ഓഫീസ് വളപ്പുകളിലും ശ്മശാനങ്ങളിലും ആ തണലെത്തി. വെച്ചതെല്ലാം മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ഉപകാരപ്പെടുന്ന മരങ്ങൾ. പ്ലാവും മാവും തേക്കും ഈട്ടിയും പേരയും ഞാവലുമെല്ലാം നാടിന് തണലും ഫലവും നൽകുന്നു. ലക്ഷക്കണക്കിന് മരങ്ങൾ. എല്ലാം പൊതുസ്വത്ത്. ഇവയെല്ലാം നമ്പറിട്ട് സർക്കാർ സംരക്ഷിക്കുന്നുണ്ട്.
വി.എൻ.കെ നട്ട മരങ്ങളുടെ ഇപ്പോഴത്തെ മൂല്യം കോടിക്കണക്കിന് രൂപ വരും. സമ്പാദ്യത്തിന്‍റെ വലിയൊരു ഭാഗം ഇങ്ങനെ നാടിനെ പച്ചപിടിപ്പിക്കാൻ ചെലവാക്കിയതിന് പിന്നിലെ പ്രേരണ ചോദിച്ചാൽ പ്രവാചകനെയാണ് അദ്ദേഹം ഉദ്ധരിക്കാറുണ്ടായിരുന്നത്. ലോകാവസാനം മുന്നിൽ വന്നാലും നിങ്ങൾ മരം വെച്ചുപിടിപ്പിക്കണമെന്നാണ് മുഹമ്മദ് നബി ഉദ്ബോധിപ്പിച്ചത്. ഈ വാക്കുകളാണ് തന്നെ മണ്ണിലിറക്കിയത്. മരിച്ചാലും പ്രതിഫലം നിലയ്ക്കാത്ത ധർമമാണ് ഇത്.
വെച്ച മരങ്ങളെല്ലാം ഇടക്കിടെ പോയി നോക്കാറുണ്ടായിരുന്നു അദ്ദേഹം. നാട്ടിലെത്തിയാൽ ഡ്രൈവറോടൊപ്പം ചുറ്റാനിറങ്ങും. തനിക്ക് തന്നെ അറിയില്ല എവിടെയെല്ലാം മരം നട്ടതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഭ്രാന്തനെന്ന് വിളിച്ച് കളിയാക്കിയവർ വരെ പിന്നീട് വി.എൻ.കെയായിരുന്നു ശരിയെന്ന് തിരുത്തി. നാടിന്‍റെ ആദരവ് പല തവണ ലഭിച്ചു. ജന്മനാടായ കടവത്തൂരിൽ പൊതുജനങ്ങൾക്കായി ഹാജി ഒരു ലൈബ്രറിയും കോൺഫറൻസ് ഹാളും പണിതുനൽകി. വിവിധ യതീംഖാനകൾ, കോളജുകൾ തുടങ്ങിയവയുടെ നടത്തിപ്പിലും വി.എൻ.കെയുടെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. പക്ഷേ, അത് വിളിച്ചുപറയാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
യാത്ര ഏറെ ഇഷ്ടമായിരുന്നു വിഎന്‍കെയ്ക്ക്. 35ലേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യാർഥമായിരുന്നില്ല ഇവയൊന്നും. നാടുകാണാൻ വേണ്ടി തന്നെ. ചെന്നിടത്തെല്ലാം നല്ല സൗഹൃദവും കൂട്ടുകെട്ടും ഹാജിക്കുണ്ടായിരുന്നു. ഇഷ്ടപ്പെട്ട നാട് മലേഷ്യയാണ്. മലേഷ്യ കേരളത്തെപ്പോലെയാണ്. നല്ല ജനങ്ങൾ. ശുദ്ധന്മാർ. ഇംഗ്ലണ്ടിലും ഫ്രാൻസിലും റഷ്യയിലും ചൈനയിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായി വനവത്കരണ അനുഭവങ്ങൾ പങ്കുവെച്ചു. മരം വെച്ചുപിടിപ്പിക്കാൻ പ്രേരിപ്പിച്ചു. അതുകൊണ്ട് അവർക്കെല്ലാം വലിയ ആദരവാണ്. ദക്ഷിണാഫ്രിക്കൻ സുഹൃത്തുക്കൾ വി.എൻ.കെയുടെ മാതൃക പിന്തുടരുന്നുണ്ട്.
വൃക്ഷപ്രേമത്തിനും യാത്രാ കമ്പത്തിനുമിടയിൽ വ്യാപാരത്തിൽ സജീവമാകാൻ വി.എൻ.കെക്ക് സമയം കിട്ടിയിരുന്നില്ല. അത് തനിക്ക് പറ്റിയ പണിയല്ലെന്നാണ് ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നത്. ബന്ധുക്കളെയും മക്കളെയും ആ പണി ഏല്‍പിച്ചു. നല്ല വായനക്കാരനുമായിരുന്നു വി.എൻ.കെ. ഇംഗ്ലീഷ്, ഉർദു, അറബി, മലയാളം പുസ്തകങ്ങളെല്ലാം വായിച്ചു. കഥയും നോവലും ജീവചരിത്രവും മതഗ്രന്ഥങ്ങളും ഇഷ്ടമായിരുന്നു. നാടൻ ഭക്ഷണമേ കഴിക്കൂ. അതിനുള്ള വകയൊക്കെ കടവത്തൂരിലെ വീട്ടുവളപ്പിൽ ഹാജിയും ഭാര്യയും മക്കളും പേരമക്കളുമെല്ലാം ചേർന്ന് കൃഷി ചെയ്തിരുന്നു. ജീവിതത്തിൽ സംതൃപ്തനാണ്. ദൈവത്തിന് നന്ദിയെന്നും അദ്ദേഹം പറയുകയുണ്ടായി.
ഭാര്യ പി.കെ ഖദീജ എലാങ്കോട്. മക്കൾ- സുഹ്റ, ഹാറൂൻ, ലുഖ്മാൻ, ആഇശ, ഇംറാൻ, സൽമാൻ, ഖൽദൂൻ. ജാമാതാക്കൾ- സി.എച്ച് അബൂബക്കർ തെണ്ടപ്പറമ്പ, എസ്.വി.പി ലുഖ്മാൻ പഴയങ്ങാടി, കെ.കെ റഹീമ കടവത്തുർ, എ.കെ സബീല കുറ്റ്യാടി, ഒ. സൈബുന്നീസ കൈവേലിക്കൽ, വി.കെ ശാനിബ എലാങ്കോട്, വി.കെ ശാബിന എലാങ്കോട്.