India Kerala

സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്‍. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും സുധീരന്‍ പറഞ്ഞു.

ഇത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായ നാടകമാണെന്നും അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയില്‍ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

ഒരു ഭാഗത്ത് സിപിഎമ്മിന്റെ പ്രചാരകനായി നില്‍ക്കുകയും മറുഭാഗത്ത് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ഥിയെ ആശീര്‍വദിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളിയുടെ നിലപാട് സിപിഎം നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്നും സുധീരന്‍ ചോദിച്ചു.

മതത്തേക്കാള്‍ പ്രാധാന്യം മനുഷ്യത്വത്തിനാണെന്ന ശ്രീനാരായണ ഗുരു ദര്‍ശനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ
സ്ഥാനാര്‍ഥിയായി മകനെ അനുഗ്രഹിച്ചയച്ച വെള്ളാപ്പള്ളിക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്.