Kerala

വന്ദേഭാരതിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച സംഭവം ദൗർഭാഗ്യകരം; രാജ് മോഹൻ ഉണ്ണിത്താൻ

വന്ദേഭാരത് ട്രെയിനിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് സംഭവം ദൗർഭാഗ്യകരമാണെന്ന് കോൺ​ഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ. പോസ്റ്റർ വിവാദത്തിൽ അന്വേഷണം നടക്കട്ടെ. ഇക്കാര്യം ശ്രീകണ്ഠൻ അറിഞ്ഞിട്ടില്ല എന്ന് എഫ്ബിയിൽ കണ്ടു. തിരൂരും ചെങ്ങന്നൂരും വന്ദേ ഭാരതിന് സ്റ്റോപ്പ്‌ ഇല്ലാത്തത് നീതികേടാണ്. മലപ്പുറം ജില്ലയോടുള്ള അവഗണ അംഗീകരിക്കാനാകില്ല. ജില്ലയ്ക്ക് ഒരു സ്റ്റോപ്പെങ്കിലും നൽകണം. ഇപ്പോഴത്തേ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകില്ലെന്നും അത് കുറയ്ക്കണമെന്നും രാജ് മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

പാലക്കാട് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്. ഉടൻ തന്നെ ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തു. എന്നാൽ, പോസ്റ്ററുകൾ ഒട്ടിച്ചതല്ലെന്നും മഴ വെളളത്തിൽ പോസ്റ്റർ വച്ചതാണ് എന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു. ബിജെപി വ്യാജ പ്രചരണം നടത്തുകയാണ്. റെയിൽവേയുടെ ഇൻ്റലിജൻസ് വിഭാഗം വേണമെങ്കിൽ അന്വേഷണം നടത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാ​ഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസ് കോട്ടയത്തെത്തിയപ്പോൾ കെ റെയിൽ വിരുദ്ധ സമിതിയും സ്വീകരണവുമായെത്തിയിരുന്നു. വന്ദേഭാരതിന് സ്വീകരണം നൽകിയും പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും അഭിവാദ്യം അർപ്പിച്ചുമാണ് കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ ‌ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയത്.

സ്വാതന്ത്ര്യത്തിന് ശേഷം ലോക നിലവാരമുള്ള റെയിൽവേ സംവിധാനം ലഭിക്കുന്നത് ഇപ്പോൾ മാത്രമാണ് എന്നത് ദുഖകരമെന്ന് സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട് പ്രതികരിച്ചു. സിൽവർ ലൈൻ പദ്ധതിയും വന്ദേ ഭാരതും തമ്മിൽ കൂട്ടികുഴയ്‌ക്കേണ്ട കാര്യമില്ല. നിലവിലെ റെയിൽവേ സംവിധാനങ്ങളിൽ ഉയർന്ന നിലവാരമുള്ളതാണ് വന്ദേ ഭാരത്.എന്നാൽ സിൽവർ ലൈൻ പൂർണമായും വേറൊരു സ്വപ്‌നമാണെന്നും സന്തോഷ് ജോർജ് കുളങ്ങര ട്വന്റിഫോറിനോട് പറഞ്ഞു.