പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുന്നു. ഇബ്രാഹിംകുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ സമ്പാദിച്ച സ്വത്തിനെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുവായ അന്വോഷണമാണ് വിജിലന്‍സ് ഇതുവരെ നടത്തിയിരുന്നത്. മുന് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്. അഴിമതി നിരോധന നിയമത്തിൽ 2018ൽ വരുത്തിയ ഭേദഗതി പ്രകാരം പൊതുപ്രവർത്തകർക്കെതിരെയുള്ള അന്വേഷണത്തിന് സർക്കാറിന്റെ അനുമതി വേണം.
പാലാരിവട്ടം പാലം നിര്‍മ്മാണ വേളയില്‍ ഇബ്രാഹിംകുഞ്ഞ് സ്വത്ത് വാങ്ങിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളും അന്വേഷണ വിധേയമാക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ ഉള്‍പ്പെടെ ഇബ്രാഹിം കുഞ്ഞ് ബിനാമി പേരുകളില്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. പാലാരിവട്ടം അഴിമതി അന്വോഷിക്കുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിക്കാനും ആലോചനയുണ്ട്.