കളമശ്ശേരിയിൽ വി.കെ ഇബ്രാഹിം കുഞ്ഞ് സ്ഥാനാർഥിയായാൽ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന് മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വം. പാലാരിവട്ടം പാലം അഴിമതി രാഷ്ട്രീയപ്രേരിത ആരോപണം മാത്രമാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ഇതിന് മറുപടി നല്‍കുമെന്നും ലീഗ് പ്രാദേശിക നേതാക്കള്‍ പറയുന്നു.
കളമശ്ശേരിയില്‍ ഇബ്രാഹീംകുഞ്ഞ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നുമാണ് ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതീക്ഷ. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് ഏലൂര്‍ നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.എം അബൂബക്കര്‍ പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തില്‍ ഇബ്രാഹീംകുഞ്ഞ് സജീവമാണ്. ഇബ്രാഹീംകുഞ്ഞിനെ മത്സരരംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ മുസ്‌ലിംലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ശ്രമം നടത്തുമ്പോഴാണ് സിറ്റിങ് എം.എല്‍.എ തന്നെ മത്സരിച്ചാല്‍ മാത്രമേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്ന നിലപാടുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുന്നത്.