Kerala

വിഴിഞ്ഞത്ത് സംഘര്‍ഷം; 30 ലേറെ പൊലീസുകാർക്ക് ഗുരുതര പരുക്ക്

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാർക്ക് പരുക്കുണ്ട്. പൊലീസ് സ്റ്റേഷനുള്ളിലും പരിസരത്തുമാണ് അക്രമം നടക്കുന്നത്. പരുക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

പ്രാദേശിക മാധ്യമ പ്രവർത്തകന് പരുക്കേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവർത്തകനാണ് പരുക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.

വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഘര്‍ഷ രംഗം മൊബൈലില്‍ പകര്‍ത്തിയവര്‍ക്ക് നേരെയും അക്രമം നടന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്.

അതേസമയം വിഴിഞ്ഞത്ത് സംഘർഷാവസ്ഥ രൂക്ഷമാണ്. മത്സ്യത്തൊഴിലാളികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞു. ഇന്ന് അഞ്ച് മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ മത്സ്യത്തൊഴിലാളികൾ ഉപരോധിക്കുന്നത്. കൂടുതൽ പൊലീസ് സന്നാഹവും എത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്.