Kerala

വിഴിഞ്ഞം പ്രതിഷേധം: ആവശ്യങ്ങളിൽ ഉറച്ചു തന്നെ, സമരവുമായി മുന്നോട്ടെന്ന് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരവുമായി മുന്നോട്ടെന്ന് ലത്തീന്‍ അതിരൂപത. പ്രതിഷേധ സമരം ശക്തമാക്കാൻ വൈദികരുടെ യോഗത്തിൽ തീരുമാനം. തുറമുഖ നിർമാണം തടയണം എന്നതുൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളില്‍ ഉറച്ചു നിൽക്കും. ഭൂരിപക്ഷം ആവശ്യങ്ങളിലും തീരുമാനമായി എന്നത് വ്യാജ പ്രചാരണമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.

തൊഴിലാളികള്‍ക്ക് അഞ്ച് സെന്റും വീടും നൽകി മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ ഉണ്ടാക്കണം. സമരവേദി വിഴിഞ്ഞത്ത് നിന്നും മാറ്റില്ലെന്നും വൈദികര്‍ വ്യക്തമാക്കി. വൈദികരുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്താനും ആലോചനയുണ്ട്. സർക്കാർ ഉറപ്പുകൾ പ്രായോഗിക തലത്തിൽ എത്തിയില്ലെന്ന് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു.

വിഴിഞ്ഞത്ത് തീരശോഷണം ഉണ്ട്. തുറമുഖ നിർമാണം നിർത്തിവച്ച് പഠനം നടത്തണം. സർക്കാർ നടത്തിയ വിവിധ പഠന റിപ്പോർട്ടുകൾ പുറത്തുവിടണമെന്നും ലത്തീൻ അതിരൂപത ആവശ്യപ്പെട്ടു. അതേസമയം മത്സ്യത്തൊഴിലാളികളുടെ സമരം 18-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിര്‍മാണം നടക്കുന്ന പ്രദേശത്തേക്ക് സമരക്കാര്‍ കടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.