Kerala

വിഴിഞ്ഞം സമരം പതിനഞ്ചാം ദിവസം; മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും

വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം പതിനഞ്ചാം ദിവസം. മന്ത്രിതല ഉപസമിതി സമരസമിതി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. പൊലീസ് മർദിച്ചെന്നാരോപിച്ച് പ്രക്ഷേധക്കാർ നടത്തിവന്ന നിരാഹാര സമരം ഇന്നലെ രാത്രി അവസാനിപ്പിച്ചു.

ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. തുറമുഖ നിർമ്മാണ കേന്ദ്രത്തിന് അകത്തു കയറി പ്രതിഷേധിക്കാനാണ് ഇന്നും സമരസമിതിയുടെ തീരുമാനം . സമരക്കാരുമായി മന്ത്രി തല ഉപസമിതി ഇന്ന് വീണ്ടും ചർച്ച നടത്തും. ഞ്ഞായറാഴ്ച ചർച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടി സമരസമിതി നേതാക്കൾ ചർച്ചയ്ക്ക് എത്തിയിരുന്നില്ല. തുറമുഖ നിർമ്മാണം നിരത്തിവെയ്ക്കാൻ കഴിയില്ലെന്ന നിലപാട് മന്ത്രിമാർ സമരക്കാരെ ധരിപ്പിക്കും.

മറ്റ് ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തി സമരം പാടില്ലെന്ന് ഉത്തരവിട്ട ഹൈക്കോടതി കേസ് 31 ന് വീണ്ടും പരിഗണിക്കും. കോടതി നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും തുടർ സമരപരിപാടികൾ. വൈദികർ അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ചാണ് സമരസമിതി ഇന്നലെ നിരാഹാര സമരം ആരംഭിച്ചത്. സമരസമിതി പരാതി നൽകിയ പൊലീസുകാരെ വിഴിഞ്ഞത്ത് നിന്നും മാറ്റാമെന്ന് കലക്ടർ ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.