Kerala

വിഴിഞ്ഞം സമരം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം; ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. ഈ മാസം 31 വരെ വിഴിഞ്ഞത്ത് സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ അറിയിച്ചു.

വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്ത് മദ്യശാലകളുടെ നിരോധനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. തീരശോഷണം പഠിക്കാന്‍ ലത്തീന്‍ അതിരൂപത ജനകീയ സമിതിക്ക് രൂപം നല്‍കുമെന്നും യൂജിന്‍ പെരേര വ്യക്തമാക്കി.

സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കൂടുതല്‍ പിന്തുണയും സമരത്തിന് ലഭിക്കുന്നുണ്ട്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനമാകാത്തതാണ് സമരം തുടരാന്‍ കാരണം. ഒരു മാസം നീണ്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിന്റെ നാലാം ഘട്ടമാണ് വിഴിഞ്ഞത്ത് തുടരുന്നത്. ആറ് ദിവസമായി തുറമുഖ കവാടത്തിന് മുന്നിലെ ഈ രാപ്പകല്‍ സമരമാരംഭിച്ചിട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കവാടം കടന്ന് പദ്ധതി പ്രദേശത്ത് വലിയ പ്രതിഷേധമിരമ്പിയിരുന്നു.

ആയിരത്തി അഞ്ഞൂറോളം പേരാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അണിനിരന്നത്. കാസര്‍ഗോഡ് ,കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളില്‍ നിന്നായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നിരവധി പേര്‍ വിഴിഞ്ഞത്തെത്തി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തണം, മണ്ണെണ്ണ സബ്‌സിഡി അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നിവയാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍. ഈ പ്രശ്‌നങ്ങളില്‍ പരിഹാരം കാണുംവരെ സമരം തുടരുമെന്നാണ് ലത്തീന്‍ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും മുന്നറിയിപ്പ്.