വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കരിങ്കൊടി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെ കാണുന്നു എന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറയുന്നു.
തീരശേഷണത്തിന് കാരണം അദാനിയുടെ വിഴിഞ്ഞം തുറമുഖ നിർമ്മാണമെന്നാണ് തീരദേശവാസികളുടെ ആരോപണം. ശരിയായ പഠനത്തിൻറെ അടിസ്ഥാനത്തിലല്ല വിഴിഞ്ഞം തുറമുഖ നിർമ്മമാണമെന്നും തീരദേശവാസികൾ ആരോപിക്കുന്നു. തുറമുഖ നിർമ്മാണം ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും തീരദേശവാസികൾ ആരോപിക്കുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരദേശത്ത് ഏതാണ്ട് 500 ഓളം വീടുകൾ കടലെടുത്തെന്ന് സമരക്കാർ ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവർക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തീരദേശവാസികളുടെ സമരം.