Kerala

വിസ്മയ കേസ്: കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ലോക്കര്‍ സീല്‍ ചെയ്തു

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീല്‍ ചെയ്തു. കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന കിരണിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് വീണ്ടും കോടതിയെ സമീപിക്കും.

സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ വിസ്മയെ പീഡിപ്പിച്ചിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയുടെ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. വിവാഹ സമയത്ത് വിസ്മയക്ക് നല്‍കിയ 80 പവന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കിരണ്‍ തന്റെ പേരില്‍ പോരുവഴിയിലെ ബാങ്കില്‍ തുറന്ന ലോക്കറാണ് സീല്‍ ചെയ്തത്.

വിവാഹ സമ്മാനമായി നല്‍കിയ കാറും കേസില്‍ തൊണ്ടിമുതലാവും. ഐ.പി.സി 498 എ, 304 ബി വകുപ്പുകള്‍ ആണ് കിരണിനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍മേലുള്ള വിശകലനം പൂര്‍ത്തിയായ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.