കണ്ണൂർ പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ. മാനന്തേരി സ്വദേശിയായ ശ്യാം ജിത്താണ് കസ്റ്റഡിയിലായത്. നിർണായകമായത് കൊലപാതകത്തിന് മുമ്പുള്ള ഫോൺ കോളുകളാണ്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു. സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് വിഷ്ണുപ്രിയയുടെ ഫോൺ കോളുകൾ അന്വേഷിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പ്രതി കുറ്റം സമ്മതിച്ചതായും വിവരമുണ്ട്.
ഇയാളുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. ഇന്ന് ഉച്ചയോടെയാണ് കണ്ണച്ചാൻക്കണ്ടി ഹൗസിൽ വിനോദിന്റെ മകൾ വിഷ്ണുപ്രിയ (22)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത് ഇരു കൈകളും വെട്ടിമുറിച്ച നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു.
ആക്രമണസമയത്ത് വീട്ടിൽ തനിച്ചായിരുന്നു വിഷ്ണുപ്രിയ. അഞ്ചു ദിവസം മുമ്പ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാൽ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. ഉച്ചയോടെ മുഖംമൂടി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നിൽ കണ്ടതായാണ് നാട്ടുകാർ മൊഴി നൽകിയിരുന്നു.പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. സഹോദരങ്ങൾ: വിസ്മയ, വിപിന, അരുൺ.