യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഇന്ത്യ. വിസാ നിയമങ്ങൾ ഉദാരമാക്കിയ നടപടി കൂടുതൽ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാൻ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പ്രമോഷൻ കാമ്പയിനുകളും ഇന്ത്യ ആവിഷ്കരിക്കും.
വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവിൽ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വർഷ കാലാവധിയുള്ള ഇ വിസയാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ കാലാവധി 5 വർഷമാക്കി വർധിപ്പിച്ചു. 80 ഡോളറാണ് വിസ നിരക്ക്.
നേരത്തേ 2 മാസ കാലാവധിയുണ്ടായിരുന്ന ഇ – വിസ 6 മാസം മുമ്പാണ് ഒരു വർഷമാക്കി വർധിപ്പിച്ചത്. ഇങ്ങനെ വിസയെടുക്കുന്നവർക്ക് ഒന്നിലേറെ തവണ ഇന്ത്യയിൽ വന്നു മടങ്ങാൻ സാധിക്കും. എന്നാൽ ഒരു തവണ ഇന്ത്യയിൽ തങ്ങാവുന്ന പരമാവധി കാലാവധി 90 ദിവസം മാത്രമായിരിക്കും. ഒരു വർഷ കാലാവധിയുള്ള ഇ-ടൂറിസ്റ്റ് വിസാ നിരക്ക് പകുതിയായി കുറച്ചു. നിലവിലെ 80 ഡോളറിൽനിന്ന് 40 ഡോളറാക്കിയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് വീസാ നിയമം സുതാര്യമാക്കിയതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
അടുത്ത വർഷം ദുബൈയിൽ നടക്കുന്ന വേൾഡ് എക്സ്പോയിൽ വലിയ പവലിയൻ ഒരുക്കി പരമാവധി സന്ദർശകർക്കു മുന്നിൽ ഇന്ത്യയെ അവതരിപ്പിക്കാനുള്ള നടപടിയും വലിയ തോതിൽ വിജയം കാണുമെന്നാണ് കേന്ദ്രസർക്കാറിെൻറ പ്രതീക്ഷ.