‘ക്രൂരമാണെന്ന് തോന്നാം പക്ഷെ, എഴുതാതിരിക്കാന്‍ ഒരു തരത്തിലും നിവൃത്തിയില്ല. ‘അദ്ധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചു’ എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല അയാള്‍ വര്‍ഷങ്ങളോളം കുഞ്ഞു കുട്ടികളോട് ചെയ്ത പീഡനപരമ്പര….ഇന്നോളം 30 വര്‍ഷം നീണ്ടു നിന്ന ഒരു പീഡനപരമ്പരയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല….’.
അധ്യാപകനായിരിക്കെ തന്റെ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പുറത്തുപറയാതിരിക്കാന്‍ പലരെയും മാനസികമായി ചൂഷണം ചെയ്യുകയും ചെയ്ത കെ വി ശശികുമാറിന് ജാമ്യം ലഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ വരികളാണിത്. മാധ്യമപ്രവര്‍ത്തകയും പ്രസ്തുത കേസ് മുന്നോട്ടുകൊണ്ടുപോകുന്ന കൂട്ടായ്മയിലെ അംഗവുമായ ശരണ്യ എം ചാരു ആണ് കുറിപ്പ് പങ്കുവച്ചത്.
‘കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം 30 വര്‍ഷം നീണ്ടു നിന്ന ഒരു പീഡനപരമ്പരയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. പലരോടും പലതരത്തില്‍ ഇത്രയും കാലം നീണ്ട, പരാതി ഉന്നയിച്ചിട്ടും മറച്ചു വയ്ക്കപ്പെട്ട ഇത്തരമൊരു പീഡനപരമ്പര തീര്‍ച്ചയായും ചരിത്രത്തിലാദ്യമായിരിക്കാം എന്ന എന്റെ ബോധ്യത്തില്‍ നിന്നാണ് ഈ എഴുത്ത്. തീര്‍ച്ചയായും ഇത് വായിക്കുന്നവരിലെ വിയോജിപ്പുകളെയെല്ലാം ആദ്യമേ അംഗീകരിക്കുന്നു….’ കുറിപ്പില്‍ പറയുന്നു.
സെക്ഷ്വല്‍ അസോള്‍ട്ട് കൃത്യമായി അറിയുക പോലുമില്ലാത്ത കുഞ്ഞുങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിയെ സംരക്ഷിക്കാന്‍ പലയിടങ്ങളില്‍ നിന്നും ശ്രമം നടക്കുന്നുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ശിശുക്ഷേമ സമിതി, വനിതാ കമ്മിഷന്‍ തുടങ്ങി എല്ലായിടത്തും പരാതികള്‍ സമര്‍പ്പിച്ചിട്ടും ശശികുമാറിനെ പലരും സംരക്ഷിക്കുകയാണ്. പരാതിക്കാരുടെ വീടുകളില്‍ പോയി തുടര്‍നടപടികള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ശ്രദ്ധേയമായ കുറിപ്പില്‍ പറയുന്നു.
സെന്റ് ജമ്മാസ് മുന്‍ അധ്യാപകന്‍ കൂടിയാണ് കെ. വി ശശികുമാര്‍. രണ്ട് പോക്‌സോ കേസുകളിലാണ് ഇയാള്‍ക്ക് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കേസ്. പീഡനപരാതി ഉയര്‍ന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ വി ശശികുമാര്‍.
സമൂഹമാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീ ടു ആരോപണം ഉന്നയിച്ചിരുന്നത്. വലിയ വിവാദമായതോടെയാണ് ശശികുമാറിനെതിരെ നടപടിയെടുത്തത്.