India Kerala

ചിന്നക്കനാൽ റിസോർട്ട് കേസ്; വിജിലൻസ് ഇന്ന് മാത്യു കുഴൽനാടന്റെ മൊഴിയെടുക്കും

ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തി എന്ന പരാതിയിൽ ഇന്ന് തൊടുപുഴ വിജിലൻസ് ഡിവൈഎസ്പി മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്.

രജിസ്ട്രേഷനിൽ വില കുറച്ചു കാട്ടി നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബെനാമി ഇടപാടിലൂടെ ആറു കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും കുഴൽനാടൻ സ്വന്തമാക്കിയെന്നാണു കേസ്. സത്യവാങ്മൂലത്തില്‍ പറഞ്ഞതിനെക്കാള്‍ 30 ഇരട്ടി സ്വത്ത് മാത്യു നേടിയിട്ടുണ്ടെന്നാണ് ആരോപണം.

ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്. സി.പി.ഐ.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനാണ് കേസിലെ പരാതിക്കാരന്‍. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്.