India Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ ടി.ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. സര്‍ക്കാറിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ 41 എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് അയച്ചത്.