പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിജിലൻസ് നോട്ടിസ് അയച്ചു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. പാലാരിവട്ടം മേൽപാല അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിന്‍റെ ഭാഗമായാണ് നോട്ടീസ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം പൂജപ്പുരയിലെ വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റിൽ ഹാജരാകാനാണ് നിർദേശം. പാലാരിവട്ടം പാലം അഴിമതി കേസിനായി രൂപീകരിച്ച പ്രത്യേക സംഘത്തിലെ ഡി.വൈ.എസ്.പി വി. ശ്യാംകുമാറിന്‍റെ ഓഫീസ് എന്ന നിലയിലാണ് ചോദ്യം ചെയ്യൽ പൂജപ്പുരയിലാക്കാൻ തീരുമാനിച്ചത്.
മുൻമന്ത്രിക്കെതിരായ അന്വേഷണത്തിന് ഗവർണർ കഴിഞ്ഞയാഴ്ച അനുമതി നൽകിയതോടെ നടപടികൾ വേഗത്തിലാക്കാൻ വിജിലൻസ് നീക്കം തുടങ്ങിയിരുന്നു. നിയമസഭ സമ്മേളനം പൂർത്തിയായതോടെയാണ് നോട്ടീസ് നൽകിയത്. നേരത്തെ വിജിലൻസ് സംഘം ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയെടുത്തിരുന്നു. പിന്നീട് ടി.ഒ സൂരജ് ഉൾപ്പടെ അഞ്ചുപേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി.
ഇബ്രാഹിം കുഞ്ഞിനെതിരെ ടി.ഒ സൂരജ് മൊഴി നൽകിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 (എ. വകുപ്പ് പ്രകാരം മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ്, സർക്കാരിന് അപേക്ഷ നൽകിയത്. സർക്കാർ പിന്നീട് ഗവർണറുടെ അനുമതി തേടി. അനുമതി ലഭിച്ചതോടെയാണ് ക്രമിനൽ നടപടി ചട്ടത്തിലെ 41 (എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകിയത്.