ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൌണ്ടില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന ആദായനികുതി വകുപ്പിനോട് ഇബ്രാഹിംകുഞ്ഞ് സമ്മതിച്ചിരുന്നതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമാരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരടക്കം17 പേരെ പ്രതി ചേര്‍ത്തു . ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യ നില പരിശോധിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ മുവാറ്റുപുഴ വിജിലന്‍സ് കോടതി ചുമതലപ്പെടുത്തി.
പാലാരിവട്ടം പാലം അഴിമതി കേസില്‍ കരാറുകാരന്‍ മുന്‍കൂറായി പണം അനുവദിച്ച ഉത്തരവിൽ ഒപ്പിട്ട എല്ലാ ഉദ്യോഗസ്ഥരേയും വിജിലന്‍സ് പ്രതികളാക്കി.പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതോടെ പ്രതിപ്പട്ടികയില്‍ 17 പേരായി. ഇതിനിടെ ചന്ദ്രിക ദിനപ്പത്രത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ച 10 കോടി കള്ളപ്പണമാണെന്ന് ഇബ്രാഹിംകുഞ്ഞ് ആദായനികുതി വകുപ്പിനോട് സമ്മതിച്ചതായി വിജിലൻസ് കോടതിയെ അറിയിച്ചു. നികുതി അടക്കാത്ത പണം എന്നു സമ്മതിച്ച് ആദായനികുതി വകുപ്പുമായി ഇബ്രാഹിംകുഞ്ഞ് ആശയ വിനിമയം നടത്തിയിരുന്നുവെന്നും വിജിലന്സ് കോടതിയെ അറിയിച്ചിട്ടുണ്ട്.
ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട് മരവിച്ച ഐടി വകുപ്പിന്‍റെ പ്രൊഹിബിഷൻ ഓർഡർ മന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി. കൂടാതെ പിഴയടച്ചതിന്‍റെ വിശദാംശങ്ങളും വിജിലന്സ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഈ പണം ചന്ദികയുടെ വരി സംഖ്യയാണെന്നാണ് വിജിലന്‍സിനോട് ഇബ്രാഹിംകുഞ്ഞ് പറഞ്ഞെതെന്നനും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് . അറസ്റ്റിലായതിന് ശേഷവും ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന്‍റെ മാനസിക ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന വിജിലൻസ് കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കോടതി നിര്‍ദ്ദേശം. വിജിലൻസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയും ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്. അതിനു മുൻപായി ചൊവ്വാഴ്ച രാവിലെ മെഡിക്കൽ റിപ്പോര്‍ട്ട് കോടതിക്ക് നൽകണമെന്നാണ് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശം.