India Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്

അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻമന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് രേഖകൾ സമർപ്പിക്കുക. ശിവകുമാറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ബാങ്ക് ലോക്കറുകളും ഇന്ന് പരിശോധിച്ചേക്കും.

ശിവകുമാർ ഉൾപ്പെടെയുള്ള നാലു പ്രതികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകളാണ് ഇന്ന് കോടതിയിൽ സമർപ്പിക്കുക. ഇതിൽ ശിവകുമാറിന്റെ സുഹൃത്ത് അഡ്വ.എൻ.എസ് ഹരികുമാറിന്റെ പുളിമൂടുള്ള വീട്ടിൽ നിന്നും പിടിച്ചെടുത്ത രേഖകൾ കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.

ഒന്നാം പ്രതി ശിവകുമാറിന്റെയും രണ്ടാംപ്രതി എം.എസ് രാജേന്ദ്രന്റെയും വീട്ടിൽ നിന്ന് നിർണായക രേഖകൾ ലഭിച്ചതായാണ് വിവരം. ശിവകുമാറിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് ഇടപാടുകളും വിജിലൻസ് സംഘം പരിശോധിക്കും. ഇതിനായി ബാങ്കുകൾക്ക് ഇന്ന് കത്ത് നൽകും. വിജിലൻസ് പരിശോധനയ്ക്ക് മുമ്പ് ലോക്കറുകൾ തുറക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനാമി പേരിൽ ശിവകുമാർ വാങ്ങിയ സ്ഥലങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇക്കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതിനിടെ കേസ് അന്വേഷിക്കുന്ന സംഘത്തെ കഴിഞ്ഞ ദിവസം വിപുലീകരിച്ചു. രണ്ട് ഇൻസ്പെക്ടർമാർ ഉൾപ്പെടെ പത്തുപേരാണ് അന്വേഷണ സംഘത്തിലുള്ളത്.