സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ പിഎസ്‍സി പരിശീലനത്തിന് കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചു. വരാന്‍ സാധ്യതയുള്ളവ എന്ന പേരില്‍ പിഎസ്‍സി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ഉദ്യോഗസ്ഥര്‍ പുസ്തകമിറക്കിയതായി കണ്ടെത്തി. സ്വന്തം നിലയില്‍ പുസ്തകം ഇറക്കിയ രഞ്ജന്‍ രാജ് അവധിയിലല്ലെന്നും വിജിലന്‍സ് കണ്ടെത്തല്‍. പിഎസ്‍സി പരിശീലനം നല്‍കിയ കൂടുതല്‍ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു.
പൊതുഭരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി രഞ്ജന്‍ രാജാണ് പിഎസ്‍സി പരിശീലനത്തിന് പുസ്തകം ഇറക്കിയത്. ഇദ്ദേഹം വീറ്റോ എന്ന സ്ഥാപനത്തിലെ പരിശീലകനാണെന്ന വിജിലന്‍സ് കണ്ടെത്തി. ഇപ്പോള്‍ മുന്നോക്ക വികസന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനിലുള്ള ഇദ്ദേഹം അവധിയില്‍ അല്ലെന്നും വിജിലന്‍സ് കണ്ടെത്തി. പുസ്തകം അച്ചടിച്ചിറക്കാന്‍ സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നോ എന്നതും, ഡ്യൂട്ടിയിലിരിക്കെ പരിശീലനം നല്‍കിയതും വിജിലന്‍സ് പരിശോധിക്കും.
പൊതുഭരണ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥനായ ഷിബു കെ നായര്‍ 2012 മുതല്‍ അവധിയിലാണെന്നും പരിശീലന ക്ളാസ് സ്വന്തമായി നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. തിരുവനന്തപുരം ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജിലെ ഉദ്യോഗസ്ഥനും പിഎസ്‍സി പരിശീലന കേന്ദ്രം ഉളളതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. ഈ സംഘത്തിന് പിഎസ്‍സി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോ എന്നത് വിജിലന്‍സ് പരിശോധിച്ച് വരികയാണ്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റിലെ നാല് ഉദ്യോഗസ്ഥരോട് പൊതുഭരണവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിട്ടുണ്ട്.