അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ഹർജിയിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കോഴിക്കോട് വിജിലൻസ് കോടതിയാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടത്.
എം.എൽ.എ എന്ന നിലയിൽ നേടാവുന്നതിന്റെ നാലിരട്ടിയെങ്കിലും അധികം ഷാജിക്ക് സമ്പാദ്യമുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. വിവിധ ജില്ലകളിലായി എംഎൽഎ നേടിയ വീടും ഭൂസ്വത്തും ഏത് തരത്തിലാണ് സ്വന്തമാക്കിയതെന്ന കാര്യം പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ശമ്പളമില്ലാത്ത എം.എൽ.എ എന്ന നിലയിൽ തുടരുമ്പോഴും ഷാജിയുടെ സമ്പാദ്യത്തിന് കുറവില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് എസ്.പിയോട് ആവശ്യപ്പെട്ടു.
അതിനിടെ അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു സീറ്റ് അനുവദിക്കാൻ കെ.എം.ഷാജി ഇരുപത്തി അഞ്ച് ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ ഷാജിയുടെ ഭാര്യ കെ.എം.ആശയുടെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തുകയാണ്. കോഴ ആരോപണമുണ്ടായ കാലഘട്ടത്തിലാണ് ഷാജി ഭാര്യയുടെ പേരിൽ വേങ്ങേരിയിൽ മൂന്ന് നില വീട് നിർമിച്ചത്. ഇതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടവും ഇ.ഡി തേടിയിട്ടുണ്ട്. ഷാജിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും, ബാങ്ക് ഇടപാടുകളും ഇ.ഡി കോഴിക്കോട് സബ് സോണൽ ഉദ്യോഗസ്ഥർ പരിശോധിക്കും. ഷാജിക്കെതിരായ കോഴ ആരോപണത്തിൽ നേരത്തെ മുസ്ലീം ലീഗ് നേതാക്കളെയും സ്‌കൂൾ അധികൃതരുടേയും മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തിയിരുന്നു. കേസിൽ കെ.എം.ഷാജിയെ നാളെയാണ് ഇ.ഡി ചോദ്യം ചെയ്യുക.