India Kerala

വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യവസായി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ബ്രിട്ടന്റെ തീരുമാനം. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചു. അതേസമയം മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഇനിയും നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കും.

കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവേദ് അംഗീകാരം നല്‍കിയത്. അതേസമയം പതിനാല് ദിവസത്തിനകം ഇതിനെതിരെ ബ്രിട്ടണിലെ ഹൈക്കോടതിയെ സമീപിക്കാന്‍ വിജയ് മല്യക്ക് അവസരമുണ്ടാകും. അങ്ങനെയായാല്‍ ഈ നിയമനടപടികള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ മല്യയെ ഇന്ത്യയിലെത്തിക്കാനാകൂ. നേരത്തെ 9000 കോടി രൂപ വായ്പയെടുത്ത് കടന്നുവെന്നായിരുന്നു മല്യക്കെതിരെയുള്ള കേസ്.

ശേഷം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മല്യയെ പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരായ മല്യയുടെ ഹരജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. മല്യയുടെ നാടുകടത്തല്‍ വരുംദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയാകുമെന്നാണ് സൂചന. ബ്രിട്ടന്റെ നടപടിയോടെ മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ഒരു പടി കൂടി കടന്നുവെന്ന് അരുണ്‍ ജയറ്റ്‍ലി ട്വീറ്റ് ചെയ്തു. എന്നാല്‍‍ പ്രതിപക്ഷം ശാരദ ചിറ്റ് ഫണ്ട് കേസിലെ പ്രതികളുടെ കൂടെ റാലി നടത്തുകയാണെന്നും ജയറ്റ്‍ലി കുറ്റപ്പെടുത്തി.