Kerala

കേരള സന്ദർശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിൽ

കേരള, ലക്ഷദ്വീപ് സന്ദർശനത്തിനായി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിൽ എത്തും. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ലക്ഷദ്വീപിലെ അഗത്തിയിലേക്കാണ് ആദ്യം പോകുന്നത്.

ശനിയാഴ്ച ലക്ഷദ്വീപിലെ കടമത്ത് ദ്വീപിൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ, കടമത്ത്, ആന്ദ്രോത്ത് ദ്വീപുകളിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി നിർവഹിക്കും. ഞായറാഴ്ച (ജനുവരി 02, 2022) കൊച്ചിയിൽ മടങ്ങിയെത്തുന്ന ഉപരാഷ്ട്രപതി കൊച്ചി കപ്പൽശാലയിൽ ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്ത് സന്ദർശിക്കും.

തിങ്കളാഴ്ച (ജനുവരി 03, 2022) കൊച്ചിയിൽ നിന്നും കോട്ടയത്ത് എത്തുന്ന ഉപരാഷ്ട്രപതി മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂളിൽ സിഎംഐ-സിഎംസി സംഘടിപ്പിക്കുന്ന സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയുടെ 150-ാം ചരമവാർഷിക ചടങ്ങിൽ മുഖ്യാതിഥിയാകും.

തുടർന്ന് ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന അദ്ദേഹത്തിന് കൊച്ചിയിലെ സർക്യൂട്ട് ഹൗസിൽ നടക്കുന്ന ഒരു ചടങ്ങിൽ ‘ഔട്ട്കം ബേസ്ഡ് എജ്യൂക്കേഷൻ എക്സ്പിരിമെന്റ്സ് ഓഫ് എ ഹയ്യർ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ’ എന്ന പുസ്തകം സമ്മാനിക്കും. വൈകിട്ട് ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ എറണാകുളം ഐസിഎഐ ഭവൻന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും.