India Kerala

വല്ലാര്‍പാടത്ത് പാലത്തില്‍ വിള്ളല്‍; പാലം താത്കാലികമായി അടച്ചു

എറണാകുളം വല്ലാര്‍പാടത്ത് ഡി.പി. വേള്‍ഡിനു മുന്നിലെ മേല്‍പ്പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ ഗുരുതരമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി തടഞ്ഞിരിക്കുകയാണ്. രണ്ട് വര്‍ഷം മുന്‍പാണ് പാലം നിര്‍മ്മിച്ചത്.

പാലത്തിന്റെ കിഴക്കേ അപ്രോച്ചില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്. അപ്രോച്ചിന്റെ 2 മീറ്റര്‍ വരുന്ന ആദ്യ സ്പാന്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ജിഡ ഡയറക്ടര്‍ രാമചന്ദ്രനെ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ പാലത്തിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടും എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഡി.പി വേൾഡ് അധികാരികളെയും പൊലീസിനേയും വിവരം അറിയിക്കുകയും മുളവുകാട് പൊലീസ് എത്തി ഓവർ ബ്രിഡ്ജ് വഴിയുള്ള ഗതാഗതം നിരോധിക്കുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങള്‍ ഓവര്‍ബ്രിഡ്ജിനു താഴെ ഇരുവശത്തുകൂടി തിരിച്ചുവിടുകയാണ്. വൈപ്പിന്‍ ഭാഗത്തേക്കുള്ള റോഡില്‍ ഡി.പി. വേള്‍ഡിലേക്ക് വരുന്ന തുറമുഖത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി രണ്ടു കൊല്ലം മുമ്പ് നിര്‍മിച്ചതാണ് പാലം. നാഷ്ണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്ന് പാലത്തില്‍ പരിശോധന നടത്തിയേക്കും.