ദേവസ്വം ബോർഡുകളില്‍ വലിയ തോതിൽ അയിത്തം നില നിൽക്കുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ ഷർട്ടൂരി പ്രവേശിക്കുന്നത് അനാചാരമാണ്. ഗുരുവായൂർ ക്ഷേത്രത്തിലടക്കം എല്ലാ മതവിശ്വാസികളെയും പ്രവേശിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച ഗുരുദേവനും സമകാലിക കേരളവും ശിൽപശാലയിലാണ് ക്ഷേത്രങ്ങളിൽ ഇപ്പോഴും ചാതുർവർണ്യം നിലനിൽക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് അയിത്താചരണം ശക്തമായി നിലനിൽക്കുന്നത്. പിന്നോക്കക്കാർക്ക് പൂജാരിമാരാകാൻ കഴിയാത്ത അവസ്ഥയാണെന്നും അവരെ ഊട്ടുപുരകളിലേക്കാണ് നിയമിക്കുന്നതെന്നും വെള്ളാപ്പളളി പറഞ്ഞു. എല്ലാ അമ്പലങ്ങളിലും എല്ലാ മതവിശ്വാസികൾക്കും പ്രവേശിക്കാൻ കഴിയണം. ക്ഷേത്രങ്ങളിൽ ഷർട്ടൂരി പ്രവേശിക്കുന്നതിനെതിരെയും വെള്ളാപ്പള്ളി രംഗത്തെത്തി.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗതയില്ലെങ്കിലും മുന്നോട്ട് പോകുന്നത് സന്തോഷകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.