എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴിയെടുക്കൽ പൂർത്തിയായി. മഹേശനുമായി പ്രശ്‌നങ്ങളില്ലെന്നും നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് മഹേശൻ പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങൾ മുൻനിർത്തിയായിരുന്നു മാരാരിക്കുളം പൊലീസിന്‍റെ മൊഴിയെടുക്കൽ.
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്‍റെ വീട്ടിലെത്തിയ അന്വേഷണസംഘം നാലുമണിക്കൂർ സമയമെടുത്താണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. കത്തുകളിലും ഡയറിക്കുറിപ്പുകളിലും മഹേശൻ പറയുന്ന സാമ്പത്തിക തിരിമറി മാനസിക പീഡനം എന്നിവയെ സംബന്ധിച്ച് പൊലീസ് വെള്ളാപ്പള്ളിയോട് ചോദിച്ചു. മഹേശന്‍റെ ആരോപണങ്ങളും വെള്ളാപ്പള്ളിയുടെ സഹായി കെ.എൽ അശോകന്‍റെ മൊഴിയും ചേർത്തുവെച്ച് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ആരോപണങ്ങളെല്ലാം വെള്ളാപ്പള്ളി നിഷേധിച്ചു. മഹേശനുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നാണ് വെള്ളാപ്പള്ളി നടേശന്‍റെ മൊഴി. ഇതോടെ കേസിലെ മൊഴിയെടുക്കൽ പൂർത്തിയായി.
രണ്ടു ദിവസത്തിനുള്ളിൽ കേസന്വേഷണം പൂർത്തിയാകും. അതേസമയം ലോക്കൽ പൊലീസിനെ ഒഴിവാക്കി അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് മഹേശന്‍റെ കുടുംബം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമഹരജി നൽകും.