Kerala

റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത്; പാഴാക്കിയത് 15 കോടി രൂപ

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ റര്‍ബന്‍ മിഷന്‍ ദുരുപയോഗം ചെയ്ത് തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത്. ജൈവകൃഷിയുടെ പേര് പറഞ്ഞ് 15 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് മുന്നൊരുക്കങ്ങളില്ലാത്ത പ്രവര്‍ത്തനങ്ങളിലൂടെ പാഴായിപ്പോകുന്നത്.

പഞ്ചായത്തുകളുടെ സാമ്പത്തിക ഉന്നമനത്തിനും നൈപുണ്യവികസനത്തിനും പശ്ചാത്തലവികസനത്തിനുമായി 2015 ല്‍ ആവിഷ്‌കരിച്ച കേന്ദ്ര പദ്ധതിയാണ് റര്‍ബന്‍ മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകള്‍ക്ക് ക്രിട്ടിക്കല്‍ ഗ്യാപ് ഫണ്ടെന്ന പേരില്‍ 15 കോടിയാണ് കേന്ദ്രം നല്‍കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ വെള്ളനാട് പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലാണ് വ്യാപകമായ ക്രമക്കേട് നടന്നത്.

വെള്ളനാട് പഞ്ചായത്തില്‍ ജൈവപച്ചക്കറി കൃഷി വ്യാപനത്തിനും വിപണത്തിനുമായി തയ്യാറാക്കിയ പദ്ധതിയിലാണ് വൻ തിരിമറി നടന്നത്. 2016-2017 വാര്‍ഷിക പദ്ധതിയില്‍ 15 ലക്ഷം രൂപയ്ക്ക് വിത്തുകള്‍ വാങ്ങി. എന്നാല്‍ ഇവ എങ്ങും കൃഷി ചെയ്തതുമില്ല. നടപ്പിലാകാത്ത ഈ പദ്ധതിയുടെ പേരില്‍ വെള്ളനാട് പഞ്ചായത്ത് കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നു. 50 ലക്ഷത്തിന്റെ അടങ്കല്‍ തുകയിൽ 2018 ല്‍ പൂര്‍ത്തിയായ പദ്ധതി നാളിതുവരെ കൃഷിക്കാര്‍ക്കായി തുറന്നുനല്‍കിയിട്ടില്ല

വെള്ളനാട് പഞ്ചായത്തില്‍ ഉത്പാദിക്കുന്ന ജൈവ പച്ചക്കറികള്‍ നഗര പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിന് 61 ലക്ഷം രൂപ ചെലവിൽ 2018 ല്‍ വാങ്ങിയ എസി ഫ്രീസര്‍ ബസ് ഒരു ദിവസം പോലും നിരത്തിലിറങ്ങിയില്ല. ഇവ പലയിടങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. വെള്ളനാട് പഞ്ചായത്തില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികള്‍ വില്‍പ്പന നടത്താന്‍ തുടങ്ങിയ ഓര്‍ഗാനിക് ഔട്ട്‌ലറ്റുകൾ ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. ഒരു ഔട്ട്‌ലറ്റിന് വില ഒന്നര ലക്ഷം രൂപയാണ്.