Kerala

കരടി ചത്ത സംഭവം: രക്ഷാദൗത്യത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്ന് റിപ്പോർട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചു. വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടായില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്.

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഗുരുതര ആരോപണങ്ങൾ. രക്ഷാദൗത്യ നടപടികളിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ മയക്കുവെടി വയ്ക്കരുതെന്ന മാനദണ്ഡം ലംഘിക്കപ്പെട്ടു. മയക്കുവെടിവച്ച കരടി വെള്ളത്തിലേക്ക് വീണിട്ടും ആന്റിഡോട്ട് പ്രയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

അതേസമയം, കരടി മുങ്ങിച്ചത്തതു തന്നെയെന്ന് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ആന്തരികാവയവങ്ങളിലടക്കം വെള്ളംകയറി. മയക്കുവെടിക്കുശേഷം അന്‍പതുമിനിറ്റോളം വെള്ളത്തില്‍ കിടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ 12.10 നാണ് കണ്ണംപള്ളി സ്വദേശി അരുണിന്റെ കിണറ്റിൽ കരടി വീണത്.

സമീപത്തെ കോഴിക്കൂട്ടിൽ നിന്നു രണ്ട് കോഴികളെ കരടി പിടിച്ചു. മൂന്നാമത്തെ കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ കോഴി പറന്ന് കിണറിനു മുകളിലെ വലയിൽ വന്നിരുന്നു. ഇതിനിടെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വലയോടെ കരടി കിണറ്റിൽ വീണത്.