Kerala

കൊവിഡ് രോഗികളുടെ വിവരം ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കും; നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിക്കാന്‍ കൃത്യമായ സിസ്റ്റം ഉണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കും. ഇത്തരം വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാറ്റങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ള 80 ശതമാനത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇത് മികച്ച നേട്ടമാണ്. നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭ്യമാകുന്നതിനനുസരിച്ച് വാക്‌സിനേഷന്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.