Kerala

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും?; ആരോപണം തള്ളി വീണ ജോർജ്

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമത്തിൽ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. അക്രമി സംഘത്തിൽ ഉണ്ടായിരുന്ന അവിഷിത് സ്റ്റാഫിൽ നിന്ന് ഒഴിവായ ആളാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാൽ ഈ മാസം ആദ്യമാണ് ഒഴിവായത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പ്രതികരിച്ചു.

വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത് കെ ആറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വയനാട് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത് കെ ആര്‍. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഐഎം സമ്മർദ്ദം ചെലുത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു.

അതേസമയം കേസില്‍ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയുടെതാണ് നടപടി.