Kerala

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എക്‌സ് റേ മെഷീൻ പണിമുടക്കിയ സംഭവം; നടപടിക്കായി നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജ് ഒ പി ബ്ലോക്കിലെ എക്‌സറേ യൂണിറ്റ് പണിമുടക്കി ഒന്നര മാസമായിട്ടും നന്നാക്കാത്തതിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ. പരിശോധിച്ച് നടപടി സ്വീകരിക്കാൻ സൂപ്രണ്ടിനോട് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഈ സർക്കാർ വന്നതിന് ശേഷം മൊബൈൽ എക്‌സറേ യൂണിറ്റുകൾ നൽകിയിട്ടുണ്ടെന്നും മെഡിക്കൽ കോളജിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി വിഭാഗം എക്സ്റേ മെഷീൻ പ്രവർത്തനരഹിതമായിട്ട് ഒന്നരമാസമായെന്ന വാർത്ത ഇന്നലെയാണ് ട്വന്റിഫോർ പുറത്തുവിട്ടത്. പ്രധാന ബ്ളോക്കിലെ എക്സ് റേ മെഷീൻ കേടായതോടെ രോഗികൾ കടുത്ത ദുരിതത്തത്തിലാണ്. ഒപിയിൽ എത്തുന്ന രോഗികളെ സ്ട്രെക്ചറിൽ ആകാശപാത വഴി പഴയ കാഷ്വാലിറ്റി ബ്ളോക്കിൽ എത്തിച്ചാണ് നിലവിൽ എക്സ്റേ എടുക്കുന്നത്.

മുൻകാല കുടിശ്ശിക നൽകാത്തതിന്റെ പേരിലാണ് എക്സ്റേ മെഷീൻ അറ്റകുറ്റപ്പണി നടത്താൻ കമ്പനി തയ്യാറാകാത്തത്. ഇതോടെ ഒപിയിലെത്തുന്ന ഒരു രോഗി എക്സ്റേ എടുത്ത് ചികിത്സ പൂർത്തിയാക്കി മടങ്ങണമെങ്കിൽ കുറഞ്ഞത് ഒരു കിലോമീറ്ററോളം സഞ്ചരിക്കണം. കുട്ടിരിപ്പുകാരുടെ ദുരിതം അതിലുമേറെയാണ്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി നടപടിക്കായി നിർദേശം നൽകുകയായിരുന്നു.